ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പിനെയാണ്‌ 25.08.2005-ലെ ജി.ഒ.(പി)77/05/പി.ഡി ഉത്തരവ്‌ പ്രകാരം പുനര്‍ നാമകരണം ചെയ്‌ത്‌ സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടറേറ്റ്‌ ആക്കി മാറ്റിയത്‌. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാ, സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടു വന്ന്‌ ഫലപ്രദമായ രീതിയില്‍ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യത്തോടുകൂടിയാണ്‌ ഈ ഡയറക്ടറേറ്റ്‌ സ്ഥാപിച്ചിട്ടുള്ളത്‌.

കേരള ഫിലിം ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഒഴികെയുള്ള സംസ്ഥാനത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ 1955-ലെ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്‌ട്‌ ചട്ടങ്ങള്‍ അനുസരിച്ചാണ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. അവയെല്ലാം കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മേല്‍ സ്ഥാപനങ്ങളെല്ലാം നിയമാനുസരണം രൂപീകൃതമായ ഭരണസമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ അവയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും ചട്ടലംഘനമോ, തെറ്റായ പ്രവണതകളോ കണ്ടെത്തിയാല്‍ തന്നെ സര്‍ക്കാരിന്‌ നേരിട്ട്‌ ഇടപെടാനും അവയെ നിയന്ത്രിക്കുവാനും ചില പരിമിതികളും ഉണ്ട്‌.

മേല്‍ വസ്‌തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ സര്‍ക്കാരിന്റെ ധനസഹായം പറ്റുന്ന അത്തരം സാംസ്‌കാരിക സ്ഥാപനങ്ങളേയും, ഏജന്‍സികളേയും ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച്‌ അവ ക്രമപ്രകാരവും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ വേണ്ടിയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടറേറ്റിന്‌ രൂപം നല്‍കിയത്‌.

സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടറേറ്റ്‌ വിശ്രുത സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക്‌ തത്‌മേഖലയില്‍ അവര്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്‌ ക്യാഷ്‌ അവാര്‍ഡുകളും സാമ്പത്തിക സഹായവും നല്‍കിവരുന്നു. ജീവിത ക്ലേശമനുഭവിക്കുന്ന കലാകാരന്മാര്‍ക്ക്‌ പെന്‍ഷനും, അടിയന്തിര ചികിത്സാ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കി വരുന്നു. കൂടാതെ പ്രശസ്‌തരായ കലാകാരന്മാരുടേയും എഴുത്തുകാരുടേയും ആശ്രിതര്‍ക്ക്‌ ധനസഹായം നല്‍കല്‍ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍, അക്കാദമികള്‍ എന്നിവയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം എന്നീ ഉത്തരവാദിത്വങ്ങളും സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടറേറ്റ്‌ നിര്‍വ്വഹിച്ചു വരുന്നു.

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പരമ്പരാഗതവും, സമകാലീനവുമായ കലാ രൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും രാജ്യത്തിനകത്തും പുറത്തും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക സംരംഭങ്ങള്‍ക്കും, ഏജന്‍സികള്‍ക്കും വാര്‍ഷിക ധനസഹായവും അനാവര്‍ത്തന ധനസഹായവും വിതരണം ചെയ്യുന്ന സര്‍ക്കാരിന്റെ ഒരു പ്രധാന ഏജന്‍സിയായും സാംസ്‌കാരിക ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നു. എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ആത്യന്തിക ലക്ഷ്യം സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും സാംസ്‌കാരിക പുരോഗതിയാണെന്ന്‌ നിസംശയം പറയാം എന്നാല്‍ ചില സ്ഥാപനങ്ങളെങ്കിലും അവയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ചിലപ്പോഴൊക്കെ വ്യതിചലിച്ചു പ്രവര്‍ത്തിക്കുന്നതായി കാണാറുണ്ട്‌. ഈ സാഹചര്യത്തില്‍ അത്തരം സ്ഥാപനങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുവരുന്നതിനും സമയോചിതമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും സാമ്പത്തിക സഹായവും നല്‍കി അവയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ ഏകോപന സംവിധാനം എന്ന നിലയില്‍ സാംസ്‌കാരിക വകുപ്പ്‌ ഡയറക്ടറേറ്റ്‌ പ്രതിജ്ഞാബദ്ധമാണ്‌.

Photo Gallery

CONTACT INFO

The Directorate of Culture
TC.No. 24/1015, Hospital Rd,
Thycaud,
Thiruvananthapuram-14
Kerala, India.


0471 - 2328193, 2328351.
   
   

 

Follow us on

Latest News